Saturday, February 18, 2006

കേരള ജനതയെ ഇനിയും പരിഹസിക്കരുത്‌....

മുഖക്കുറിപ്പ്‌
"വരൾച്ചയും കാർഷിക വിഭവങ്ങളുടെ വിലത്തകർച്ചയുംസമീപ വർഷങ്ങളിൽ കാർഷിക മേഖലയ്‌ക്ക്‌ അപ്രത്തെക്ഷിതമായ തിരിച്ചടി ഉണ്ടാക്കീയെങ്കിലും കാർഷികമേഖലയുടെ വികസനത്തിന്‌ ഊന്നൽ നൽകിക്കൊണ്ടുള്ള ധാരാളം കർഷക സൌഹൃദനയങ്ങൾക്കും പരിപാടികൾക്കും എന്റെ സർക്കാർ വിജയകരമായി തുടക്കമിട്ടു". ഫെബ്രുവരി മൂന്നിന്‌ കേരള നിയമസഭയിൽ ഗവർണർ ശ്രീ. ആർ.എൽ.ഭാട്ടിയ ചെയ്തപ്രസംഗമാണ്‌ ഇത്‌. സംസ്ഥാനത്തിന്റെ ഭരണത്ലവനെക്കൊണ്ട്‌ ഇങ്ങനെ പറയിക്കാനുള്ള 'ചർമ്മശക്തി' ഇന്നുവരെ കേരളം ഭരിച്ച മറ്റാർക്കും ഉണ്ടായിട്ടില്ല. ശ്രീ ഉമ്മൻചാണ്ടിക്കല്ലാതെ.
കേരളത്തിന്റെ കാർഷികോൽപന്നങ്ങൾക്ക്‌ ഇത്രയേറെ വിലത്തകർച്ച ഉണ്ടായ മറ്റൊരുകാലം ഇതിന്‌ മുമ്പ്‌ ഇല്ല. എന്നിട്ടും വിലത്തകർച്ചക്ക്‌ പരിഹാരമായി എന്ത്‌ നടപടിയാണ്‌ സംസ്ഥാന സർക്കാർ രൂപീകരിച്ചത്‌? കാർഷികമേഖലയ്ക്ക്‌ ഉണ്ടായ അപ്രതീക്ഷിതമായ തിരിച്ചടിക്ക്‌, ബദൽ നടപടി എന്തായിരുന്നു? അതുകൂടി ഗവർണറെക്കൊണ്ട്‌ പറയിക്കണമായിരുന്നു. കാരണം ഗവർണറുടെ പ്രസംഗം തുടങ്ങുന്നത്‌, "നമ്മുടെ സംസ്ഥാനത്തിന്റെ സർവതോന്മുഖമായ വികസനത്തിനായി എന്റെ സർക്കാർ കൈക്കൊണ്യ്യ പരിശ്രമങ്ങളും ഉദ്യമങ്ങളും സംഗ്രഹിച്ച്‌ ഈ മഹനീയ സഭയിൽ ഉണർത്തുന്നത്‌ അഭികാമ്യമായിരിക്കു"മെന്ന ആമുഖത്തോടെയാണ്‌. കൃഷിവകുപ്പിൽ കൈക്കൊണ്ട പരിശ്രമങ്ങളും ഉദ്യമങ്ങളും എന്റേ സഭയിൽ ഗവർണറെക്കൊണ്ട്‌ ഉണർത്തിച്ചില്ല? കൃഷിമന്ത്രിമുതൽ കൃഷി അസിസ്റ്റന്റ്‌ വരെയുള്ള കൃഷിവകുപ്പിലെ സകലമാനപേരും കഴിഞ്ഞ നാലര വർഷമായി ഉറങ്ങുകയാണ്‌. കുംഭകർണന്റെ നിദ്രയിലാണ്‌ സംസ്ഥാന കൃഷിവകുപ്പ്‌. അത്‌ ഉണരണമെങ്കിൽ ഇനിയും മൂന്ന്‌ നാല്‌ മാസങ്ങൾ കഴിയണം; ഇന്ന്‌ കേരളം ഭരിക്കുന്ന ഈ രാവണപടയെ യുദ്ധത്തിൽ തോൽപ്പിച്ച്‌, ഈ കേരളത്തിന്റെ മണ്ണിനെ തൊട്ടറിയുന്നവർ ജനപ്രതിനിധികളായെത്തണം. അന്നേ കാർഷിക കേരളം ഉണരൂ.
സംസ്ഥാന ഹോർട്ടിക്കൾച്ചറൽ വിഷന്‌ കേന്ദ്രസർക്കാർ ഇതിനകം 75 കോടി രൂപ അനുവദിച്ചുവെന്ന്‌ ഗവർണർ തന്റെ പ്രസംഗത്തിൽ വെളിപ്പെടുത്തുന്നു. ഈ 75 കോടി രൂപ എന്തു ചെയ്തു? ഹോർട്ടിക്കൾച്ചർ വികസനത്തിന്‌ 75 കോടി ചിലവഴിച്ചിരുന്നുവെങ്കിൽ തമിഴ്‌നാട്ടിൽനിന്നും പച്ചക്കറി വാങ്ങി വിൽപ്പന നടത്തുന്ന ഒരു സ്വകാര്യ മലക്കറി കച്ചവടക്കാരന്റെ നിലവാരത്തിലേക്ക്‌ ഹോർട്ടികോർപ്പ്‌ മാറുമായിരുന്നോ?'കേരളത്തിലെ പ്രധാനപ്പെട്ട വാർഷികവിളകൾക്ക്‌ ഇൻഷ്വറൻസ്‌ പരിരക്ഷ ഏർപ്പെടുത്തുന്നതിനുള്ള ശ്രമം നടന്നുവരികയാ'ണെന്ന്‌ ഗവർണർ പ്രഖ്യാപിക്കുന്നു. സ്വകാര്യ ഇൻഷ്വറൻസ്‌ കമ്പനികൾക്ക്‌ പനമുണ്ടാക്കാനും ഇതിന്റെ കമ്മീഷൻ തട്ടാനും മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതല്ലേ ഈ ശ്രമം? കർഷകരോട്‌ ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ ഈ നാലര വർഷ്ക്കാലത്തിനിടയിൽ സമഗ്ര കാർഷിക വിള ഇൻഷ്വറൻസിന്‌ നിയമനിർമ്മാണം നടത്തണമായിരുന്നു. എന്തേ അതിന്‌ തയ്യാറായില്ല?
'കൃഷി ഭവനുകൾ കാർഷികസേവനകേന്ദ്രങ്ങൾ തുടങ്ങുന്നതാണ്‌'. ഇപ്പോൾ അവിടെനിന്നും കൃഷിക്കാർക്ക്‌ എന്ത്‌ സേവനമാണ്‌ ലഭ്യമാക്കുന്നതെന്ന്‌ വ്യക്തമാക്കുകയാണ്‌ ആദ്യം വേണ്ടത്‌. കാർഷികമേഖലയിലുള്ള സേവനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനായുള്ള അഗ്രിസ്‌നെറ്റ്‌ (കാർഷിക വിവര സംവിധാന ശൃംഖല) നടപ്പിലാക്കുമെന്ന ഗവർണറുടെ പ്രത്യാശ പൂവണിയുമോ?
'കേരളത്തിലെ മൃഗസംരക്ഷണ മേഖലയിലും ക്ഷീരമേഖലയിലും എടുത്തുപറയത്തക്ക വികസനം ഉണ്ടായിട്ടുണ്ട്‌'. അത്‌ എന്താണെന്ന്‌ കൃഷിയെ സ്നേഹിക്കുന്നവർ പരിശോധിക്കണമെന്നാണ്‌ ഞങ്ങളുടെ എളിയ അഭ്യർത്ഥന. 2003 ലെ ഫാം ഗൈഡിൽ സംസ്ഥാനത്ത്‌ 33.96 ലക്ഷം കന്നുകാലികൾ ഉണ്ടായിരുന്നത്‌` 2005 ൽ 21.21 ലക്ഷമായി. എരുമകൾ 01.65 ലക്ഷത്തിൽ നിന്നും 0.65 ലക്ഷമായി. ആടുകൾ 18.60 ലക്ഷത്തിൽ നിന്നും 12.13 ലക്ഷമായി. പന്നികൾ 01.42 ലക്ഷത്തിൽ നിന്നും 0.76 ലക്ഷമായി. ക്പ്പ്ഴികൾ 256.46 ലക്ഷത്തിൽ നിന്നും 109.90 ലക്ഷമായി. 11.87 ലക്ഷം താറാവുകൾ 6.60 ലക്ഷമായി. കാലികളുടെയും കോഴികളുടെയും വംശനാശത്തിന്‌ വഴിയൊറുക്കിയതാണോ എടുത്തു പറയത്തക്ക വികസനം? പാൽ ഉത്‌പാദനം 1997-98 ൽ 23.43 ലക്ഷം ടണ്ണായിരുന്നത്‌ 24.20 ടണ്ണായും 25.25 ലക്ഷം ടണ്ണായും 26.05 ലക്ഷം ടണ്ണായും 27.30 ടണ്ണായും ഓരോ വർഷവും വർദ്ധനവ്‌ രേഖപ്പെടുത്തി. എന്നാൽ 2002-03 ൽ 24.19 ലക്ഷം ടണ്ണായും 2003-04 ൽ 21.11 ലക്ഷം ടണ്ണായും കുറഞ്ഞു. 1999-00 ൽ 205.42 കോടി കോഴിമുട്ട ഉൽപാദിപ്പിച്ചിരുന്ന കേരളം, 2000-01 ൽ 203.44 കോടിയായും തുടർ വർഷങ്ങളിൽ 200.18 കോടി, 2003-04 ൽ 127.68 കോടിയായും താഴ്ന്നു.
പാലിന്റെ ആളോഹരി പ്രതിദിന ലഭ്യത 1999-00 ൽ 214 ഗ്രാമിൽ നിന്നും 2000-01 ൽ 220 ഗ്രാമായും 2001-02 ൽ 234 ഗ്രാമായും ഉയർന്നിരുന്നു. 2002-03 ൽ അത്‌ 205 ഗ്രാമായും 2003-04 ൽ 176 ഗ്രാമായും താഴ്‌ന്നു.
'കാർഷിക വായ്പ തുക ഇരട്ടിയാക്കു'മെന്ന പ്രഖ്യാപനമാണ്‌ ഗവർണറിലൂടെ ഉമ്മൻചാണ്ടി സർക്കാർ കൃഷിക്കാർക്ക്‌ പുതുവൽസര സമ്മാനമായി നൽകുന്നത്‌. കാർഷിക കടക്കെണിയിൽപ്പെട്ട്‌ ജീവനൊടുക്കേണ്ടിവന്ന ആയിരത്തിലേറെ കർഷകരുടെ കടബാധ്യതയെപ്പറ്റിയോ അവരുടെ നിരാലംബരായ കുടുംബങ്ങളെക്കുറിച്ചോ അവശേഷിക്‌ഹ്ച കടബാധ്യതയെക്കുറിച്ചോ ഒന്നും പറഞ്ഞില്ല. കടക്കെണിയിൽപ്പെട്ട്‌ ജീവനൊടുക്കാൻ പോലും കഴിയാതെ പകച്ചു നിൽക്കുന്ന ലക്ഷക്കണക്കിന്‌ കൃഷിക്കാരുടെമുന്നിൽ വീണ്ടും കടത്തിന്റെ പുതിയ വാതായനങ്ങൾ തുറക്കുകയാണ്‌ ഉമ്മൻചാണ്ടി സർക്കാർ. കൃഷിക്കാർ ആത്മഹത്യചെയ്യുന്നതിന്‌ സർക്കാർ തന്നെ കെണിയൊരുക്കി കൊടുക്കുന്നുവെന്നർത്ഥം.
കേരളത്തിലെ കൃഷിക്കാരുടെ ചിരകാലാവശ്യമായ കാർഷിക കടാശ്വാസ നിയമത്തെക്കുറിച്ച്‌ മിണ്ടാട്ടമില്ല. നാലര വർഷക്കാലം കൊണ്ട്‌ 26,000 ത്തിലേറെ കോടി രൂപയുടെ അധിക കടബാദ്ധ്യത സംസ്ഥാനത്തെ ജനങ്ങളുടെമേൽ വച്ചുകെട്ടിയ ഉമ്മൻചാണ്ടി സർക്കാർ സാധാരണ ജനങ്ങളെ സഹായിക്കില്ലെന്ന്‌ വൃതമെടുത്തിരിക്കുന്നുവെന്നുവേണം കരുതാൻ.
പതിനൊന്നാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഇനി നൂറ്‌ ദിവസങ്ങൾ പോലും ബാക്കിയില്ല. അപ്പോഴും കേരളത്തെ പരിഹസിക്കുകയാണ്‌ ഉമ്മൻചാണ്ടിയും ഐക്യജനാധിപത്യ മുന്നാണിയും.കേരളത്തിന്റെ സംബദ്‌ഘടനയുടെ നട്ടെല്ലായ കൃഷിക്കാരുടെ നെഞ്ച്‌ കത്തുകയാണ്‌. ആ അഗ്നിയിൽ സർവ്വവും വെന്ത്‌ വെണ്ണീറകാൻ ഇനി അധികനാൾ വേണ്ടെന്ന്‌ മാത്രം ഈ പ്രജ്ഞയറ്റവരെ ഓർമപ്പെടുത്തുന്നു.
കടപ്പാട്‌: കൃഷിക്കാരൻ ഫെബ്രുവരി 2006

3 comments:

  1. ചന്ദ്രേട്ടാ ഈ ഗവർണ്ണർ എന്നു പറയുന്ന മഹത്‌വ്യക്തി എഴുതിക്കൊടുക്കുന്നത് വായിക്കുകയല്ലേ ചെയ്യുന്നത്?

    കൃഷിയെന്ന് പറഞ്ഞാൽ രാഷ്ട്രീയക്കാർക്ക് വേറെ അർത്ഥമാണ് - “ആളുകളെ കൃഷി ചെയ്യുക” എന്ന് കേട്ടിട്ടില്ലേ? ആ അർത്ഥം!

    ReplyDelete
  2. കലേഷിന്റെ കമെന്റ്‌ അപൂർണമായ ഒരു ലേഖനത്തിലായിരുന്നു. ഇനി ഒരിക്കൽക്കൂടി വായിക്കുക എന്നിട്ട്‌ വീണ്ടും ഒരഭിപ്രായ്റ്റം രേഖപ്പെടുത്തുക. പ്രതികരിച്ചതിന്‌ നന്ദി.

    ReplyDelete
  3. പ്രിയ ചന്ദ്രേട്ടാ, ഇതൊന്നും ആരും ശ്രദ്ധിക്കാത്ത കാര്യങ്ങളാ. ചന്ദ്രേട്ടൻ എഴുതിയിട്ടുള്ള സ്ഥിതിവിവരക്കണക്കുകൾ ആശങ്കപ്പെടുത്തുന്നവയാണ്. ഗ്രൂപ്പ് കളിക്കാ‍നും പാ‍രവയ്ക്കാനും ഇറങ്ങി പോകുന്നതിനുമുൻപ് പരമാവധി കട്ട്മുടിച്ച് പോക്കറ്റ് നിറയ്ക്കാനും പെടാ‍പ്പാടുപെടുന്നവർക്ക് ഇതൊക്കെ ശ്രദ്ധിക്കാനെവിടെ സമയം? ആത്മഹത്യ ചെയ്യുന്ന കർഷകൻ കനകസിംഹാസനത്തിലിരിക്കുന്നവന്മാരുടെ വീട്ടുപടിക്കൽ വന്ന് ആത്മഹത്യ ചെയ്താലും അവന്റെയൊന്നും കണ്ണ് തുറക്കില്ല...

    നമ്മുടെ നാട് നന്നാകുമോ????

    ReplyDelete