Monday, October 31, 2005

തകരുന്ന കൃഷി, തളരുന്ന കേരളം

ലേഖകൻ: ഡോക്ടർ തോമസ്‌ വർഗീസ്‌
കേരള സംസ്ഥാനം രൂപീകരിച്ചിട്ട്‌ അര നൂറ്റാണ്ട്‌ പിന്നിടുന്‌പോൾ നമ്മുടെ കാർഷിക മേഖലയുടെ സ്ഥിതി എന്താണ്‌? കേരളത്തിന്റെ കാർഷികവളർച്ചാ നിരക്ക്‌ -2.6 ശതമാനമാണിന്ന്‌. കൃഷി സംസ്ഥാന വരുമാനത്തിന്‌ നൽകുന്ന സംഭാവന കേവലം 13 ശതമാനവും.

നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്ന തിരുവിതാംകൂറിലും കൊച്ചിയിലും കേരളപ്പിറവിയ്ക്ക്‌ മുന്‌പായി കാർഷിക വിദ്യാഭ്യാസ ഗവേഷണ വികസനമേഖലയിൽ ചെറുതെങ്കിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിരുന്നു. തിരുവിതാംകൂറിൽ ആയില്യം തിരുനാൾ, വിശാഖം തിരുനാൾ, ശ്രീമൂലം തിരുനാൾ എന്നീ രാജാക്കന്മാരുടെ കാലത്ത്‌ സർക്കാർ ഉടമയിൽ കാർഷികത്തോട്ടങ്ങളും കൃഷിസ്കൂളുകലും ആരംഭിക്കുകയുണ്ടായി. കൃഷിവികസനത്തിനായി ഒരു പ്രത്യേകവകുപ്പുതന്നെ ശ്രീമൂലം തിരുനാളിന്റെ കാലത്ത്‌ ആരംഭിച്ചു. കരമന, കുടപ്പനക്കുന്ന്‌, കൊട്ടാരക്കര, കന്യാകുമാരി എന്നിവിടങ്ങളിൽ കൃഷി പരീക്ഷണത്തിനും പഠനത്തിനും പരിശീലത്തിനും സൌകര്യങ്ങളുണ്ടായിരുന്നു. എന്നാൽ ശാസ്ത്രീയ ഗവേഷണ പഠനങ്ങൾ തിരുവിതാംകൂർ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സെൻട്രൽ റിസർച്ച്‌ ലാബറട്ടറിയിലും യൂണിവേഴ്സിറ്റി ബോട്ടണി വകുപ്പിന്റെ മേൽനോട്ടത്തിലുമായിരുന്നു നടന്നുവന്നത്‌. അതിന്റെ ഫലങ്ങളായി തിളക്കമാർന്ന നേട്ടങ്ങൾ കൈവരിക്കാൻ അന്നത്തെ ശാസ്ത്രജ്ഞൻമാർക്ക്‌ കഴിഞ്ഞു.
കൊച്ചി രാജ്യത്തെ സ്ഥിതിയും ഏറെ അഭിനന്ദനാർഹമായിരുന്നു. തെക്കൻ ഏഷ്യയിലെ ഏറ്റ്വും മികച്ചതെന്ന്‌ വിശേഷിക്കപ്പെട്ട ത്രിശൂർ ജില്ലയിലെ ഒല്ലൂർക്കരയിൽ പ്രവർത്തിച്ചിരുന്ന കാർഷിക പ്രദർശനതോട്ടം കൊച്ചി ഭരണകൂടത്തിന്റെ സംഭാവനയാണ്‌. തിരുവിതാംകൂർ കൊച്ചി സംയോജനത്തെത്തുടർന്ന്‌ 1955 ൽ വെള്ളായണിയിൽ കാർഷിക കോളേജും മണ്ണൂത്തിയിൽ വെറ്റിനറി കോളേജും ആരംഭിച്ചത്‌ കാർഷിക വികസന ചരിത്രത്തിലെ സുപ്രധാന നടപടികളാണ്‌.

മദിരാശി പ്രവിശ്യയിലായിരുന്ന മലബാർ ജില്ലയിൽ ബ്രിട്ടീഷുകാർ ആരംഭിച്ച കൃഷിത്തോട്ടങ്ങളും കൃഷി ഗവേഷണ കേന്ദ്രങ്ങളും നൽകിയ ഒട്ടേറെ മികച്ച സംഭാവനകൾ കാർഷിക കേരളത്തിനു മാത്രമല്ല, ലോക കാർഷിക രംഗത്തിനുതന്നെ പ്രയോജനമായിട്ടുണ്ടെന്നത്‌ അഭിമാനാർഹമാണ്‌. 1905 ൽ തുടങ്ങിയ തളിപ്പറന്‌പ്‌കൃഷിത്തോട്ടം, 1912 ൽ ആരംഭിച്ച പട്ടാംബി നെല്ലു ഗവേഷണ കേന്ദ്രം, 1916 ൽ കാസർക്കോട്ടും നീലേശ്വരത്തും തുടങ്ങിയ നാളികേര ഗവേഷണത്തോട്ടങ്ങൾ എന്നിവയിൽ പരിമിതമായ സൌകര്യങ്ങൾക്കിടയിലും വന്‌പിച്ച നേട്ടങ്ങൾ കൊയ്ത ശാത്രജ്ഞന്മാരെ സ്മരിക്കാതിരിക്കാൻ കാർഷിക കേരളത്തിന്‌ കഴിയില്ല. ലോകത്താദ്യമായി സങ്കരയിനം തെങ്ങിൻ തൈ ഉൽപാദിപ്പിച്ച അനന്തൻ സാറും, പന്നിയൂർ കുരുമുളകിനം വികസിപ്പിച്ച വേണുഗോപാലൻ നന്‌പിയാർ സാറും, നാൽപ്പതോളം പുത്തൻ നെല്ലിനങ്ങൾ ഉരുത്തിരിച്ചെടുത്ത പട്ടാംബിയിലെ പി.സി.സഹദേവൻ, കേളുക്കുട്ടി മേനോൻ, ഡോ.ആർ.ഗോപാലകൃഷ്ണൻ എന്നിവരും കേരള കർഷകരുടെയും ശാസ്ത്ര ലോകത്തിന്റെയും ആദരവ്‌ പിടിച്ചുപറ്റിയവരായിരുന്നു.
എന്നാൽ ഇന്നത്തെ കഥയോ? കേരളത്തിലെ കൃഷി തകർന്നുകൊണ്ടേയിരിക്കുന്നു. അറുന്നൂറിലേറെ കർഷകരുടെ ആത്മഹത്യകളാണ്‌ കഴിഞ്ഞനാലു വർഷത്തിനിടയിൽ റിപ്പോർട്ട്‌ ചെയ്തത്‌. രണ്ടായിരാമാണ്ട്‌ വരെ കേട്ടുകേൾവിയില്ലാതിരുന്ന കർഷക ആത്മഹത്യകൾ
പൊടുന്നനെ പെരുകിയതെന്തെന്ന്‌ അന്വേഷിക്കുവാനുള്ള ചുമതല സർക്കാരിനും സാമൂഹ്യ ശാത്ര്ജ്ഞൻമാർക്കും രാഷ്ട്രീയപാർട്ടികൾക്കുമാണെങ്കിലും അന്‌പതുവർഷം മുന്‌പത്തെപ്പോലെ കൃഷിയെ ആശ്രയിച്ച്‌ ജീവിക്കാൻ പറ്റാത്ത സാഹചര്യം കേരള കർഷകനുണ്ടായിരിക്കുന്നു എന്ന യാധാർഥ്യം നാം അംഗീകരിച്ചേതീരൂ.
അന്‌പതുവർഷം മുന്‌പ്‌ കാർഷിക കേരളത്തിന്റെ അവസ്ഥ എന്തെന്ന്‌ പരിശോധിക്കുക ഉചിതമായിരിക്കും. കേരളപ്പിറവിക്കുശേഷം ആദ്യമായി അധികാരത്തിൽവന്ന കമ്യൂണിസ്റ്റ്‌ സർക്കാരിലെ ജലസേചനവകുപ്പ്‌മന്ത്രിയായിരുന്ന വി.ആർ.കൃഷ്ണയ്യർ (ജസ്റ്റിസ്‌ കൃഷ്ണയ്യർ) മുങ്കൈയെടുത്ത്‌ തയ്യാറാക്കിയ 'വാട്ടർ റിസോഴ്‌സസ്‌ ഓഫ്‌ കേരള (1958)' എന്ന ബൃഹദ്‌ റിപ്പോർട്ടിലെ ചില സ്ഥിതിവിവരകണക്കുകൾ ഇവിടെ ഉദ്ധരിക്കുന്നു. 1951 ലെ സെൻസസ്‌ പ്രകാരം കേരളത്തിലെ ജനസംഖ്യ 136 ലക്ഷമായിരുന്നു. ഒരാൾക്ക്‌ പ്രതിദിനം 16 ഔൺസ്‌് (454 ഗ്രാം) എന്ന കണക്കിൽ സംസ്താനത്തെ വാർഷിക അരി ആവശ്യം 22.35 മെട്രിക്‌ ടണ്ണായിരുന്നു. 5.27 ലക്ഷം ഹെക്ടറിൽ നെൽകൃഷി നടത്തിയിരുന്നതിൽ നിന്നും 9.04 ലക്ഷം മെട്രിക്‌ ടൺ അരി ഉൽപ്പാദിപ്പിച്ചിരുന്നു. ഉൽപ്പാദനക്ഷമതയാകട്ടെ പ്രതിഹെക്ടറിന്‌ 1740 കിലോഗ്രാമും. മൊത്തം നെൽ വിസ്തൃതിയുടെ അന്‌പത്‌ ശതമാനത്തിൽ താഴെ മാത്രമേ ഇരുപ്പൂ നിലങ്ങൾ ഉണ്ടായിരുന്നുള്ളു. ഇന്നറിയപ്പെടുന്ന ജലസേചന പദ്ധതികളൊന്നും അന്ന്‌ നിലവിലില്ലായിരുന്നു. ഒരു മൈനർ വകുപ്പായ കൃഷി ഡിപ്പർട്ട്‌മെന്റിന്റെ കീഴിൽ കേവലം നൂറിൽ താഴെ വരുന്ന കൃഷി ഇൻസ്പെക്ടർമാരും ഒരു ഡ്സനിൽ കുറവു മാത്രം മേലുദ്യോഗസ്ഥരുമായിരുന്നു ഉണ്ടായിരുന്നത്‌. അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങളോ രാസവളങ്ങളോ കീടനാശിനികളോ കളനാശിനികളോ കുമിൾനാശിനികളോ ഒന്നുംതന്നെ പ്രചാരത്തിൽ ഇല്ലായിരുന്നു. ഇക്കാരണം കൊണ്ട്‌ കൃഷിയിടങ്ങളിലെയും പരിസരത്തെ ജലാശയങ്ങളിലെയും പരിസ്ഥിതിയിൽ മലിനീകരണവും സംഭവിച്ചിരുന്നില്ല. ഓരോ കൃഷിയിടത്തിലും നെൽകൃഷിക്കുപുറമെ വൈവിധ്യമാർന്ന ഒട്ടേറെ പഴവർഗങ്ങളും പച്ചക്കറികളും കിഴങ്ങുവർഗങ്ങളും സുഗന്ധവ്യഞ്ജനങ്ങളും അടയ്ക്ക, നാളികേരം, കശുമാവ്‌ എന്നിവയുടെ ബഹുവിള കൃഷിരീതിയും നടപ്പിലുണ്ടായിരുന്നു. കൂടാതെ എല്ലാ കൃഷിയിടത്തിലും കന്നുകാലി, കോഴി, ആട്‌, താറാവ്‌, എരുമ, പോത്ത്‌ എന്നിവയേയും പോറ്റിവളർത്തിയിരുന്നു. ജൈവവളത്തിനും പച്ചിലവളത്തിനും ക്ഷാമമില്ലാതിരുന്നതിനാൽ മണ്ണിന്റെ ഭലവൃഷ്ടി സുസ്ഥിരമായി നിലനിറുത്തുന്നതിനും സാധിച്ചിരുന്നു. ചുരുക്കത്‌തിൽ കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും പറ്റിയ ഒരു കാർഷിക ജീവിതരീതിയായിരുന്നു നിലനിന്നിരുന്നത്‌. എന്നാൽ ഓരോ ദശകം പിന്നിടുന്തോറും കൃഷിയിൽ ഒട്ടേറെ പരിഷ്ക്കാരങ്ങൾ വന്നുചേർന്നു. ഒരു ജീവിതരീതി എന്നതിൽനിന്നും ജീവിതമാർഗമായി കൃഷി മാറി. അന്‌പത്‌ വർഷം പിന്നിട്ടപ്പോൾ കൃഷി എന്നത്‌ അഗ്രി ബിസിനസ്സ്‌ ആയി പരിണമിച്ചിരിക്കുന്നു. ഈ കാലഘട്ടത്തിൽ കേരളത്തിലെ കാർഷിക വികസനത്തിനായി ജലസേചന പദ്ധതികളിലൂടെയും തീവ്ര കൃഷിയുടെ അനുസാരികളായ മുന്തിയ വിത്തിനങ്ങൾ, രാസവളങ്ങൾ, കീടനാശിനികൾ, കുമിൾ നാശിനികൾ, കളനാശിനികൾ, കാർഷികവായ്പ്പ, വിപണിയിലെ ഇടപെടലുകൾ, ഗവേഷണം, വിജ്ഞാനവ്യാപനം എനിവയ്ക്കായി ചെലവഴിച്ച ആയിരക്കണക്കിന്‌ കോടി രൂപയുടെ പ്രയോജനം നമ്മുടെ കാർഷിക മേഖലയേയും കർഷകരേയും സന്‌പുഷ്ടമാക്കിയോ എന്ന ചോദ്യത്തിനും നാം ഉത്തരം കണ്ടെത്തിയേ തീരൂ. കേരള കാർഷിക സർവകലാശാലയുടെ ഇന്നത്തെ ദയനീയ സ്ഥിതിയും പരിശോധിക്കേണ്ടതാണ്‌.
കേരളത്തിന്റെ സ്വന്തം നാടെന്നഖ്യാതി കേരളത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്നു. 40 ലക്ഷം കൃഷിയിടങ്ങളിലായി 9 ലക്‌ഷം ഹെക്ടർ സ്ഥലത്ത്‌ വ്യാപിച്ചിരിക്കുന്ന നമ്മുടെ കേരകൃഷിയുടെ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും അനുസ്യൂതം കുറഞ്ഞുകൊണ്ടിരിക്കുന്നു. പതിനഞ്ച്‌ വർഷം മുന്‌പ്‌ ഇന്ത്യയിലെ മൊത്തം കേരവിസ്തൃതിയുടെ 56 ശതമാനം കേരളത്തിലായിരുന്നെങ്കിൽ ഇന്നത്‌ 48 ശതമാനമായി ചുരുങ്ങി. കർണാടകവും തമിഴ്‌നാടും ആന്ധ്രയും കേരളത്തേക്കാൾ ഉൽപ്പാദനഖമതയിൽ ബഹുദൂരം മുന്നിലാണ്‌. ഇന്ത്യയിലെ നാളികേര ഉൽപ്പാദനഷമത പ്രതിഹെക്ടറിന്‌ 6422 ആണ്‌. കേരളത്തിൽ ഇത്‌ കേവലം 6052 മാത്രം! കാറ്റുവീഴ്ചയും മണ്ഡരിബാധയും കേരളത്തോട്ടങ്ങളിലെല്ലാം തേർവാഴ്ച നടത്തിയിട്ടും നമുക്കവയെ പ്രതിരോധിക്കാനാകുന്നില്ല. ഈ വൈതരണികൾക്കിടയിലും കർഷകരെ ഇടത്തട്ടുകാരും വ്യാപാരികളും കൊപ്ര സംഭരണ ഏജൻസികളും കൊള്ളയടിക്കുന്നു. നാളികേര വൈവിദ്ധ്യവൽക്കരണം, മൂല്യ വർധിത ഉൽപ്പന്നങ്ങളുണ്ടാക്കൽ എന്നിവ കേവലം പാഴ്‌വാക്കയിത്തീർന്നിരിക്കുന്നു.
നാളികേരവും നെല്ലും നേരിടുന്ന പ്രതിസന്ധിയേക്കാൾ രൂക്ഷമാണ്‌ അടയ്ക്ക, കുരുമുളക്‌, ഇഞ്ചി, ഏലം, കാപ്പി, കൊക്കൊ തുട്ങ്ങിയ കൃഷികളും നേരിട്ടുകൊണ്ടിരിക്കുന്നത്‌. പുത്തൻ കുറ്റുകാരനായെത്തിയ വാനില കൃഷിയും വംശനാശ ഭീഷണിയിലാണ്‌. ഈ ദുരവസ്ഥ്ക്കൊരപവാദം റബ്ബർ കൃഷി മാത്രമാണ്‌. ലോകത്തിൽ ഏറ്റവും കൂടുതൽ ഉൽപ്പാദനക്ഷമത കേരളത്തിലാണ്‌. കേരളത്തിലെ കർഷകരെ ആർക്ക്‌ പഴിക്കാനാകും ഈ സാഹചര്യത്തിൽ? പഴിക്കപ്പെടേണ്ടവർ സുഖസുഷുപ്തിയിലാണ്‌. അവരെ ആരാണ്‌ുണർത്തുക?
കടപ്പാട്‌: മാതൃഭൂമി ദിനപ്പത്രം

മാതൃഭൂമി ദിനപ്പത്രം 7-2-06