Friday, December 16, 2005

സൺഡേ ഫാമിംഗ്‌: ഒരു വട്ടംകുളംമാതൃക

സൺഡേ ഫാമിങ്ങിന്റെ ഭാഗമായി കൃഷിപരിശീലിപ്പിച്ച അധ്യാപകനായ പുലിയക്കോട്ടിൽ സതീശൻ കോണോവീഡർ ഉപയോഗിച്ച്‌ സ്വന്തം കൃഷിയിടത്തിലെ കള പറിക്കുന്നു
മനോജ്‌ കെ മേപ്പയിൽ
വട്ടംകുളം(എടപ്പാൾ): ഡോക്ടറെങ്കിലും ഡോ.വേലായുധന്റെ ഇഷ്ടവിഷയം ജൈവകൃഷി. അധ്യാപകവൃത്തിക്കിടയിലും മണ്ണിര കമ്പോസ്റ്റും മണ്ണിര നഴ്‌സറിയുമായി പുലിയക്കോട്ട്‌ സതീശന്റെ അവധി ദിനങ്ങൾ തൊടിയിൽ സജീവം. എടപ്പാൾ വട്ടംകുളം പഞ്ചായത്തിലെ പാർട്‌ടൈം കൃഷിക്കാരുടെ കൂട്ടായ്മ 'സൺഡേ ഫാമിങ്‌' മലയാളിയുടെ കൃഷിപാഠങ്ങളിൽ പുതിയ വിജയകഥ.
അധ്യാപകരും വിദ്യാർഥികളും വീട്ടമ്മമാരും കൃഷിയുടെ വഴിയും വിജയവും കണ്ടെത്താൻ ഒത്തുചേരുന്ന 'സൺഡേ ഫാമിംഗ്‌' പഞ്ചായത്തിന്‌ പുറത്തും അംഗീകാരം നേടുകയാണ്‌.
തമിഴ്‌നാട്‌, കർണാടക സംസ്ഥാനങ്ങളിൽനിന്നെത്തിയ കൃഷിശാസ്ത്രജ്ഞരുടെ സംഘം ഇതിനെ ദേശീയ മാതൃകയാക്കണമെന്ന്‌ നിർദ്ദേശിച്ചു. പത്തനം തിട്ടയിലും വയനാട്ടിലും 'സൺഡേ ഫാമിങ്‌' തുടങ്ങിക്കഴിഞ്ഞു.കുറ്റിപ്പാല അമ്പാടിയിൽ രഘു, നീലിയാട്‌ 'നിള'യിലെ ചന്ദ്രൻ എന്നിങ്ങനെ നിരവധി പേർ സൺഡേ ഫാമിങ്ങിന്റെ ഭാഗമാണ്‌. പൊന്നാനി ബാർ അസോസിയേഷൻ, പൊന്നാനി ഐ.എം.എ, എടപ്പാൾ ദാരുൽ ഹിദായ സ്കൂളിലെ 90 ന്ധികം അധ്യാപകരുടെ ഫോറം എന്നിവയും സൺഡേ ഫാമിംഗ്‌ കൂട്ടായ്മയുടെ ഭാഗമായിക്കഴിഞ്ഞു.ഞഅയറാഴ്ചകളിലും പ്രവർത്തിക്കുന്ന വട്ടംകുളം കൃഷിഭവനും കൃഷിഓഫീസർ പി.കെ.ജബ്ബാറുമാണ്‌ സൺഡേ ഫാമിംഗ്‌ കൂട്ടായ്മയ്ക്ക്‌ അടിയുറച്ച പിന്തുണയേകുന്നത്‌. 2000ൽ വട്ടംകുളം പഞ്ചായത്തിൽ തുടങ്ങിയ പുരയിടകൃഷി വികസന പദ്ധതിയുടെ അനുബന്ധമാണ്‌ സൺഡേ ഫാമിംഗ്‌. മുഴുവൻ സമയ കൃഷിക്കാരല്ലാതവരെ കൃഷിവഴികളിൽ സജീവമാക്കാനും വിജയങ്ങൾ സ്വന്തമാക്കാനും ഉള്ള ആത്മവിശ്വാസം പകരുകയാണ്‌ ഇത്‌. സബ്‌സിഡിയൊന്നുമില്ലാതെയും കൃഷി വിജയിപ്പിക്കാമെന്ന്‌ തെളിയിക്കുകയാണ്‌ ഈ കൂട്ടായ്മ. വട്ടംകുളം കൃഷിഓഫീസറും സംസ്ഥാന കർഷകമിത്ര അവാർഡ്‌ ജേതാവുമായ അബ്ദുൽ ജബ്ബാർ പറയുന്നു.
കുടുംബ തൊഴിലുകൾ പരമാവധി ഗൃഹ പരിസരകൃഷിയിൽ സമന്വയിപ്പിക്കുകയാണ്‌ സൺഡേ ഫാമിങ്ങിന്റെ പ്രധാനലക്ഷ്യം. ഈ കൂട്ടായ്മയുടെ ഭാഗമായതുകൊണ്ടുമാത്രം ഒരുപാടുപേർ 'തരിശിട്ട' സ്വന്തം ഭൂമിയിൽ വിജയം കൊയ്യുന്നു. വിള സാന്ദ്രത കൂട്ടുക (ഇടവിള കൃഷികൾ) പാരമ്പര്യേതര ഊർജസ്രോതസ്സുകൾ ഉപയോഗിക്കുക എന്നിവയാണ്‌ 'ഫാമിംഗ്‌' കൂട്ടായ്മയിലെ അലിഖിത നിയമങ്ങൾ. ജൈവ പുനചംക്രമണമെന്ന തത്ത്വവും ഇവർ വിജയകരമായി നടപ്പാക്കുന്നു.2004 നവമ്പറിൽ എടപ്പാൾ ബ്ലോക്ക്‌ കോൺഫറൻസ്‌ ഹാളിൽ പരപ്പനങ്ങാടി മുതൽ വെളിയങ്കോടുവരെയുള്ള മുഴുവൻ സമയ കൃഷിക്കാരല്ലാത്ത 124 പേർ ഒത്തുകൂടി. മൾട്ടി മീഡിയ ഉപയോഗിച്ചുകൊണ്ടുള്ള കൃഷിപരിശീലനം, ജൈവ വളകിറ്റുകൾ, പ്രാദേശിക ഇനം പച്ചക്കറിവിത്തുകൾ എന്നിവ ഇവർക്ക്‌ നൽകി.
2005 ഫിബ്രുവരിയിൽ പൊന്നാനിയിൽ ഒത്തുകൂടുമ്പോൾ, പലരും നേരത്തെ കിട്ടിയ വിത്തും വളവും കൊണ്ട്‌ കൃഷി തുടങ്ങി ഉൽപന്നങ്ങൾ ന്യായവിലയ്ക്ക്‌ വിറ്റ്‌ ആവേശഭരിതരായവരായിരുന്നു. ഇപ്പോൾ 'ഫാമിംഗ്‌' യോഗത്തിനെത്തുന്നവരുടെ നേതൃത്വത്തിൽ അതത്‌ പ്രദേശങ്ങളിൽ ഫാം ക്ലബ്ബുകൾ രൂപവൽക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്‌.'കൃഷി' ഇങ്ങനെ ലാഭകരമാക്കാൻ കഴിയും എന്നാണ്‌ എന്റെ അനുഭവം'. ഉൽപ്പന്നങ്ങളുടെ ന്യായവിലയും കൃഷിച്ചെലവ്‌ കുറയ്ക്കലും കൂടിയാകുമ്പോൾ കൃഷി ആദായകരമാണെന്ന്‌ 2000 -ലെ സംസ്ഥാന ക്‌അർഷകജ്യോതി അവാർഡ്‌ ജേതാവും 'ഫാമിംഗ്‌' സംഘാടകനുമായ ഡോ.വേലായുധൻ പറയുന്നു. സ്വന്തം ബയോഗ്യാസ്‌ പ്ലാന്റിൽനിന്നും പുറത്തുവരുന്ന മിശ്രിതം പുരയിടത്തിൽ ചാലുകളിലൂടെ ഒഴുക്കിവിട്ട്‌ കൃഷി ലാഭകരമാക്കുകയാണ്‌ ഇദ്ദേഹം. ഇൻഫർമേഷൻ നെറ്റ്വർക്ക്‌ ഫോർ എമ്പവർമെന്റ്‌ എന്ന സൈബർ കാർഷിക വിജ്ഞാന പദ്ധതിയും വട്ടംകുളം കൃഷിഭവൻ ആരംഭിച്ചിട്ടുണ്ട്‌. കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങളും സേവനങ്ങളും ഇന്റർനെറ്റിലൂടെ കൈമാറും. krishibhavan@rediffmail.com, nithyaharitham@yahoo.co.in എന്നീ ഇ-മെയിൽ വിലാസങ്ങളിൽ വട്ടംകുളതെ കാർഷിക വിജയങ്ങളറിയാം.
കടപ്പാട്‌: മാതൃഭൂമി 16-12-05
"ഗ്രാമ പഞ്ചായത്തുകളും കൃഷിഭവനുകളും മാത്രം വിചാരിച്ചാൽ മതി ഒരു സബ്‌സിഡിയുമില്ലാതെ തെന്നെ കർഷകരുടെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണുവാൻ കഴിയുമെന്ന്‌ ‌ വട്ടംകുളംമാതൃക നമുക്കൊരു വഴികാട്ടിയാവുന്നു".

Monday, December 05, 2005

ജൈവവളങ്ങളിലും വ്യാജന്മാർ

ഇങ്ങനെയും കേരളത്തിൽ

കർഷകർക്ക്‌ ജൈവവളത്തോടു പ്രിയം കൂടിവരികയാണ്‌. രാസവളങ്ങളുടെ നിരന്തരമായ ഉപയോഗം മണ്ണിന്റെ കരുത്തു ചോർത്തുന്നു എന്ന തിരിച്ചറിവാണ്‌ ഇതിനു പ്രധാന കാരണം.മണ്ണിനും കൃഷിക്കും അവശ്യംവേണ്ട നൈട്രജനും ഫോസ്‌ഫേറ്റും പൊട്ടാഷും (എൻ.പി.കെ) കൃത്രിമവളം വഴി നൽകേണ്ടതില്ലെന്നും അവ ജൈവവളത്തിലൂടെ പ്രകൃത്യാ ലഭ്യമാവുന്ന സാഹചര്യം ഉപയോഗപ്പെടുത്തുകയാണ്‌ വേണ്ടതെന്നും മനസിലാക്കിയതാണ്‌ ജൈവവളത്തിന്‌ ആവശ്യക്കാർ ഏറാൻ കാരണം. ജൈവ വളം ഉപയോഗിച്ച്‌ കൃഷിചെയ്യുന്ന ഉത്‌പന്നങ്ങൾക്ക്‌ ആവശ്യക്കാർ കൂടിയപ്പോൾ കർഷകർക്ക്‌ മെച്ചപ്പെട്ട വിലയും കിട്ടിത്തുടങ്ങി.

ഇതു മുതലെടുക്കാനാണ്‌ ജൈവവളസ്ഥാപനങ്ങൾ കൂണുപോലെ മുളച്ചു പൊന്തുന്നത്‌. എന്നാൽ ഈ സ്ഥാപനങ്ങൾ വിൽക്കുന്നത്‌` ശുദ്ധമായ ജൈവവളമല്ലെന്നുള്ളതാണ്‌ സത്യം. ജൈവവളമെന്ന ലേബലിൽ വിപണിയിലെത്തുന്നത്‌ രാസവളം ചേർന്നവയാണെന്ന്‌ വ്യാപകമായ ആരോപനം ഉണ്ട്‌. സർക്കാർ തലത്തിൽ ഇതു പരിശോധിക്കുവാനുള്ള സംവിധാനം ആവശ്യത്തിന്‌ ഇല്ലാത്തത്‌ വ്യാജന്മാർക്ക്‌ വിലസാൻ അവസരമൊരുക്കുകയും ചെയ്യൂന്നു.മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്ന ജൈവവളങ്ങളാണ്‌ വ്യാജന്മാർ എന്നാണ്‌ പൊതുവേയുള്ള വിശ്വാസം. എന്നാൽ നമ്മുടെനാട്ടിൽ ലഭിക്കുന്ന ജൈവവളങ്ങളിൽ പലതും ശുദ്ധമല്ലെന്ന്‌ പരാതിയുണ്ട്‌. ജൈവവളങ്ങളിൽ പലതിലും യൂറിയയുടെ മണമുള്ളതായി കാർഷിക ശാസ്ത്രജ്ഞർ രഹസ്യമായി സമ്മതിക്കുന്നു. ജൈവവളം പെട്ടെന്ന്‌ ഫലം കാണിക്കുന്നതും രാസവളങ്ങൾ ചേർന്നിട്ടുള്ളതിന്റെ തെളിവാണെന്ന്‌ അവർ പറയുന്നു. കർഷകർ വഞ്ചിക്കപ്പെടുകയാണിവയറ്റ്‌. അവരെ സഹായിക്കാൻ ഭരണകൂടമാകട്ടെ പ്രത്യേകിച്ച്‌ ഒന്നും ചെയ്യുന്നില്ല. മണ്ണ്‌ 'മരണ'ത്തിലേക്കുള്ള യാത്ര തുടരുകയും ചെയ്യുന്നു.മണ്ണൂത്തി കാർഷിക സർവകലാശാലയിലും പട്ടാമ്പിയിലും തിരുവനന്തപുരം പാറോട്ടുകോണത്തുള്ള ഫെർട്ടിലൈസർ ക്വാളിറ്റി കൺട്രോൾ ലാബുകളിലും ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുഗവേഷണ കേന്ദ്രത്തിലും ജൈവവളം പരിശോധിക്കുവാനുള്ള്‌അ സൌകര്യങ്ങളുണ്ട്‌.ജൈവവളങ്ങളിൽ എൻ.പി.കെ യുടെ അളവ്‌ ഉയർന്ന തോതിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഇതു രാസവളം ചേർത്തിരിക്കാനുള്ള സാധ്യതയിലേക്ക്‌ വിരൽ ചൂണ്ടുന്നതായും കാർഷിക ശാത്രജ്ഞർ പറയുന്നു.

ജൈവവളം വിൽക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തുകയെന്നതാണ്‌ സർക്കരിന്‌ പെട്ടെന്ന്‌ ഇക്കാര്യത്തിൽ ചെയ്യാവുന്ന ഒരു സംഗതി. ഇപ്പോൾ ജൈവവളമെന്ന്‌ അവകാശപ്പെട്ട്‌ ആർക്കും എന്തും വിൽക്കാം. അതിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ട്‌ എന്നു വ്യക്തമാക്കേണ്ട ബാധ്യതയൊന്നും നിർമാതാക്കൾക്കോ വിൽപ്പനക്കാർക്കോ ഇല്ല.മറ്റ്‌ ഉത്‌പന്നങ്ങൾക്ക്‌ ഐ.എസ്‌.ഐ മാർക്ക്‌ വേണമെന്ന്‌ നിബന്ധന ഉള്ളതുപോലെ, ജൈവവളങ്ങൾക്കും ചില സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കവുന്നതാണ്‌.എല്ലാ ജില്ലകളിലും ജൈവവളം പരിശോധിക്കുന്നതിനു സംവിധാനം ഉണ്ടാവുന്നതും കർഷകർക്കു സഹായകമാവും. കൃഷിഭവനുകൾ മുഖേന വിതരണം ചെയ്യുന്ന ജൈവവളങ്ങൾ വീങ്ങാൻ അവർക്ക്‌ പ്രോത്‌സാഹനം നൽകുകയും വേണം. ഇവ പരിശോധന നടത്തിയ ശേഷമാണ്‌ കർഷകർക്കു നൽകുന്നത്‌.

നഗരങ്ങളിലെ മാലിന്യങ്ങളിൽനിന്നാണ്‌ ഇപ്പോൾ പലരും ജൈവവളങ്ങൾ ഉണ്ടാക്കുന്നത്‌. ഇത്‌ ഒരേസമയം മാലിന്യങ്ങളുടെ നിർമാർജനത്തിനും അതിന്റെ ഗുണപരമായ ഉപയോഗത്തിനും സഹായകമാവുന്നുണ്ട്‌.

കടപ്പാട്‌: മാതൃഭൂമി 5-12-05

"കർഷകന്‌ ജൈവവളങ്ങൾ സ്വയം നിർമിക്കുവാനും അത്‌ പ്രയോഗിക്കുവാനും കഴിയും. പക്ഷേ ഉന്നതങ്ങളിൽ സ്വാധീനമുള്ള കള, കുമിൾ, കീടനാശിനികൾ ആണ്‌ ജനത്തെ കാർന്നുതിന്നുന്നത്‌"

മാതൃഭൂമി എഡിറ്റോറിയൽ 6-12-05

ജൈവവളം: നിയന്ത്രണം വേണം

ജൈവവളത്തിനു പ്രീയമേറിയതോടെ ഈ രംഗത്തും ചില കർഷകരെ വഞ്ചിക്കാൻ തുടങ്ങിയിരിക്കുന്നു. അതു തടയാൻ വേണ്ട നടപടികൾ അധികൃതർ എത്രയും വേഗം എടുക്കണം. രാസവളങ്ങളുടെ തുടർച്ചയായ ഉപയോഗം മണ്ണിന്റെ തനിമയും കരുത്തും കുറയ്ക്കുമെന്നും കൃഷി കഴിയുന്നതും പ്രകൃതിക്കിണങ്ങിയ രീതിയിലാവണമെന്നുമുള്ള തിരിച്ചറിവ്‌ വ്യാപകമായതോടെയാണ്‌ ഒട്ടേറെ കർഷകർ ജൈവവളം ഉപയോഗിക്കുവാൻ തുടങ്ങിയത്‌. ജൈവവളംമാത്രം ഉപയോഗിക്കപ്പെട്ട കാർഷികോത്‌പന്നങ്ങൾക്ക്‌ ആവശ്യക്കാർ ഏറിയതും അതിന്റെ പ്രചാരം കൂടാൻ കാരണമായി. കർഷകർക്കു കിട്ടുന്ന ജൈവവളങ്ങളിൽ പലതും യഥാർത്ഥ ജൈവവളമല്ലത്രെ. ചിലസ്ഥാപനങ്ങൾ ജൈവവളമെന്നപേരിൽ വിൽക്കുന്നത്‌ രാസവളം ചേർന്നതാണെന്ന്‌ വ്യാപകമായ പരാതിയുണ്ട്‌.

ചില ജൈവവളങ്ങൾക്ക്‌ യൂറിയയുടെ മണമുള്ളതും അവ പെട്ടെന്ന്‌ ഫലം തരുന്നതും അവയിൽ രാസവളങ്ങൾ ചേർന്നിട്ടുണ്ടെന്നതിനു തെളിവാണെന്ന്‌ കാർഷികശാസ്ത്രജ്ഞർ രഹസ്യമായി സമ്മതിക്കുന്നുണ്ട്‌. കർഷകരിൽ മിക്കവർക്കും ഈ വഞ്ചന കണ്ടെത്താൻ കഴിയില്ല. ജൈവവളവിൽപ്പന ഈ നിലയ്ക്കു തുടർന്നാൽ കർഷകർക്കു മാത്രമല്ല കൃഷിഭൂമിക്കും അതു ദോഷം ചെയ്യും. ജൈവവളമെന്നപേരിൽ ആർക്കും എന്തും വിൽക്കാമെന്നതിനാൽ, അതുണ്ടാകുന്ന സ്ഥാപനങ്ങളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന്‌ ജൈവവളങ്ങൾ കേരളത്തിലെത്തുന്നുണ്ട്‌. കൃഷിഭവനുകളിലൂടെ ജൈവവളങ്ങൾ വിതരണം ചെയ്യുന്നത്‌ പരിശോധന നടത്തിയ ശേഷമാണ്‌. അവ വാങ്ങാൻ കർഷകർക്ക്‌ പ്രോത്‌സാഹനം നൽകുകയും നിലവാരം ഉർപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഈ മേഖലയിൽ ചില നിബന്ധനകൾ ഏർപ്പെടുത്തുകയും ചെയ്യണം. ജൈവവളം പരിശോധിക്കുവാൻ ചില സ്ഥലങ്ങളിൽ മാത്രമേ സർക്കാർ തലത്തിൽ സംവിധാനമുള്ളു. ജില്ലതോറും അതുണ്ടാക്കുന്നതും കർഷകർക്കു ഗുണം ചെയ്യും.

"റബ്ബർ മരങ്ങൾക്കുള്ള വളപ്രയോഗം രാസവളങ്ങൾക്ക്‌ പ്രാധാന്യം നൽകിക്കൊണ്ട്‌ റബ്ബർ ബോർഡ്‌ നടത്തുന്ന പ്രചരണം തെറ്റാണ്‌ എന്ന്‌ മനസിലാക്കുന്നത്‌` നല്ലത്‌"