Friday, January 10, 2014

വയലും വീടും അവഗണനയുടെ വക്കില്‍

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള വയലും വീടും പരിപാടി ഇന്നും വളരെ താല്പര്യത്തോടെ കേള്‍ക്കുന്ന മലയാളികളെ നിരാശപ്പെടുത്തുന്നതാണ് ദിവസവും വൈകുന്നേരം 6.50 മുതല്‍ 7.20 വരെ അരമണിക്കൂര്‍ എന്നത് വെട്ടിച്ചുരുക്കി 6.45 മുതല്‍ 7.10 വരെയാക്കി പരിമിതപ്പെടുത്തിയിരിക്കുന്നു. കര്‍ഷകരുടെ അനുഭവങ്ങളും കര്‍ഷകര്‍ക്ക് പ്രയോജനപ്രദമായ പല നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചിരുന്ന ശ്രദ്ധേയമായ വയലും വീടും ഘട്ടം ഘട്ടമായി നിറുത്തലാക്കുവാനുള്ള ശ്രമത്തിലാണോ എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല.
പാട്ടും കൂത്തും എഫ്.എം ബാന്‍ഡിലൂടെ അവതരിപ്പിക്കപ്പെടുമ്പോള്‍ ഇന്നും മീഡിയം വേവിലൂടെ ഈ പരിപാടി അവതരിപ്പിച്ച് ആകര്‍ഷകമല്ലാത്ത രീതിയില്‍ അവതരിപ്പിക്കുകയാണ് ആകാശവാണി നിലയം. കേരളമൊട്ടുക്കും ഒരേ പരിപാടി കര്‍ഷകരുടെ മുന്നിലെത്തിക്കുന്നതിന് പകരം ഓരോ നിലയവും വ്യത്യസ്തങ്ങളായ പരിപാടി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഫുഡ്സേഫ്റ്റിയെന്നും മാല്‍ന്യൂട്രീഷ്യനെന്നും മറ്റും പേരുനല്‍കി ദേശീയതലത്തില്‍ പല കരിപാടികളും ആസൂത്രണം ചെയ്യുന്നവര്‍ ആകാശവാണിയുടെ വയലും വീടും പരിപാടിയോട് കാട്ടുന്ന അവഗണന പ്രതിഷേധം അര്‍ഹിക്കുന്നു.
ടി.വിയും കമ്പ്യൂട്ടറും ഇന്റെര്‍നെറ്റും മറ്റും ഉണ്ടെങ്കിലും കാര്‍ഷിക വിഷയങ്ങളില്‍ താല്പര്യമുള്ള ഒട്ടേറെപ്പേര്‍ ശ്രവിക്കുന്ന ഒരു പരിപാടിയാണ് വയലും വീടും. ഇന്നും ടി.വി കടന്നുചെല്ലാത്ത എത്രയോ കര്‍ഷകരും, കര്‍ഷക തൊഴിലാളികളും റേഡിയോയെ മാത്രം ആശ്രയിക്കുന്നു എന്നത് അവഗണിക്കപ്പെടേണ്ട ഒന്നല്ല.
 ഒരു പരാതി അയച്ചാല്‍ കിട്ടുന്ന മറുപടി ഇപ്രകാരവും.
അതേപോലെ ക്രിക്കറ്റ് ലൈവ് തുടങ്ങിക്കഴിഞ്ഞാല്‍ വയലും വീടും പരിപാടിതന്നെ നീക്കം ചെയ്യപ്പെടുന്നു. ക്രിക്കറ്റ് ബാറ്റുകൊണ്ട് കര്‍ഷകനെ അടിക്കുന്നതിന് തുല്യമാണിത്. വയനാട്ടിലെയും ഇടുക്കിയിലെയും  ധാരാളം വീടുകള്‍ ഇന്നും ആശ്രയിക്കുന്നത് റേഡിയോ തന്നെയാണ്. അതിനാല്‍ ആള്‍ഇന്ത്യറേഡിയോ കൃഷിയെ അവഗണിക്കരുത് എന്ന എളിയ ഒരഭ്യരര്‍ത്ഥന ഉണ്ട്.

1 comment:

  1. ആകാശവാണിക്ക് കര്‍ഷകനോടല്ല പണത്തോടാണ് ആര്‍ത്തി. അന്‍പത് വര്‍ഷത്തോളമായി വൈകുന്നേരം ആറ് അന്‍പതുമുതല്‍ ഏഴ് ഇരുപതുവരെ അവതരിപ്പിച്ചിരുന്ന വയലും വീടും പരിപാടിക്ക് പാര പണിതിരിക്കുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചാം തീയതിമുതല്‍ ആറ് നാല്പത്തിയഞ്ചുമുതല്‍ ആക്കി മാറ്റുകയും ഈ പരിപാടിയുടെ സമയം വെട്ടിക്കുറച്ച് ലൈഫ്ഇന്‍ഷുറന്‍സിന്റെ പരസ്യത്തിലേക്ക് നീക്കിവെയ്ക്കുകയും ചെയ്തു. ആകാശവാണിയുടെ ആകര്‍ഷകമായ പ്രസ്തുത പരിപാടിയുടെ സമയമാറ്റത്തില്‍ കര്‍ഷകര്‍ പ്രതികരിക്കണം. കൃത്യതയോടെ അവതരിപ്പിക്കുന്ന വാര്‍ത്തപോലെ തന്നെ കര്‍ഷകര്‍ക്ക് പ്രാധാന്യമേറിയതാണ് വയലും വീടും പരിപാടി.

    ReplyDelete